ഗ്യാൻവാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേയ്ക്ക് വിസമ്മതിച്ചത്. വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്‌വിഎന്‍ ഭാട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ മഥുര കോടതിയിലേയ്ക്ക് മാറ്റാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ മോസ്ക് കമ്മിറ്റി നൽകിയ പ്രത്യേക ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോസ്ക് കമ്മിറ്റി കോടതിയിൽ പരാമർശമുണ്ടായത്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇടക്കാല അപേക്ഷകൾ പരിഗണിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ആശങ്ക ഉന്നയിച്ചു. ബെഞ്ചിന് മുമ്പാകെ കൊണ്ടുവരാത്ത ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചു. “ഓർഡർ എന്റെ മുമ്പിൽ ഇല്ലാതെ ഞാൻ എങ്ങനെ തുടരും?” ജഡ്ജി ചോദിച്ചു.
ഹുസേഫ അഹമ്മദി വിഷയത്തിൽ കോടതിയെ ഇടപെടാൻ നിര്‍ബന്ധിച്ചപ്പോൾ, ‘ഈ വിഷയം ജനുവരി 9 ന് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദയവായി ഹൈക്കോടതിയോട് പറയൂ’, എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ പ്രതികരണം. ബെഞ്ചിന്റെ നിരീക്ഷണങ്ങൾ ഇന്നു തന്നെ ഹൈക്കോടതിയെ അറിയിക്കാനും ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബെഞ്ച് ഒരു ഹ്രസ്വ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ‘സ്പെഷ്യൽ ലീവ് പെറ്റീഷൻ ജനുവരി 9ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അത് പറഞ്ഞ തീയതിയിൽ വരട്ടെ. എല്ലാ പ്രശ്നങ്ങളും തർക്കങ്ങളും പരിഗണിക്കും. ഹർജിക്കാരന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അത് നിയമാനുസൃതമായി ഫയൽ ചെയ്യാനും അവസരമുണ്ട്’ എന്നായിരുന്നു സുപ്രീം കോടതിയുടെ ഹൃസ്വവിധി.
ഗ്യാന്‍വാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ വ്യാഴ്ഴചയാണ് അനുമതി നൽകിയത്. മഥുര ഷാഹി ഇദാഹ് മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെയും അലഹബാദ് ഹൈക്കോടതി നിയോഗിച്ചിരുന്നു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. കൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. ക്ഷേത്രം നിലനിന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.