ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെത്തുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തില്‍. ക്ഷണിക്കപ്പെട്ടവരില്‍ കോണ്‍ഗ്രസില്‍ നിന്ന് സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്‌സിസ്റ്റ്) സീതാറാം യെച്ചൂരിയും ഉള്‍പ്പെടുന്നവരുണ്ട്. എന്നാല്‍ ഭൂരിപക്ഷം കക്ഷികളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ, ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായി.
മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റരുതെന്നും പറഞ്ഞാണ് യെച്ചൂരി ക്ഷണം നിരസിച്ചത്. ഉത്തരേന്ത്യയില്‍ അയോധ്യ വിഷയം ബിജെപി വലിയ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമെന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പറയാനും കോണ്‍ഗ്രസ് കൂട്ടാക്കുന്നില്ല. അതേ സമയം, ക്ഷണങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് പറഞ്ഞെങ്കിലും പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും നിലപാട് വെളിപ്പെടുത്തിയില്ല.