ന്യൂഡല്‍ഹി: ഒന്നിലധികം ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് ശനിയാഴ്ച ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുസ്തിക്കാര്‍ നീതി ലഭിക്കാന്‍ പാടുപെടുകയാണ്. ഇതോടെ വലിയ ബഹുമതികള്‍ അര്‍ത്ഥശൂന്യമായി മാറുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
‘രാജ്യത്തെ ഓരോ മകള്‍ക്കും’ ആത്മാഭിമാനമാണ് ആദ്യം നല്‍കേണ്ടതെന്നും അതിന് ശേഷമാണ് മെഡലുകളും ബഹുമതികളും നല്‍കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും സാമൂഹിക മാധ്യമമായ എക്‌സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.