തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനുവരി 15 നാണ് പൊങ്കൽ ആഘോഷം സംസ്ഥാനത്ത് നടക്കുക. ഇതിന് മുന്നോടിയായി റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം ചെയ്യുന്നത്. ആദായനികുതി അടയ്ക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരൊഴികെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റിനൊപ്പം 1000 രൂപയും സമ്മാനമായി വിതരണം ചെയ്യും. 1.15 കോടി കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാകും. ജനുവരി 10നകം തുക നൽകും.
കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും നൽകും. കിറ്റ് റേഷൻകടകൾ വഴിയും ധനസഹായം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കുമാണ് എത്തുക.
ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് സൗജന്യ യാത്രാ പാസ്, പ്രഭാതഭക്ഷണ പദ്ധതി, പുതുമൈ പെൺ തിട്ടത്തിലെ ഗുണഭോക്താക്കൾക്ക് 1,000 രൂപ പ്രതിമാസ ഇൻസെന്റീവ് തുടങ്ങി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ സ്ത്രീകൾക്ക് വേണ്ടി കേന്ദ്രസർക്കാർ എന്തുചെയ്തെന്നും സ്റ്റാലിൻ ആരാഞ്ഞു.