ബീഹാര്‍: ഭഗല്‍പൂര്‍ ജില്ലയില്‍ 23 കാരിയായ യുവതിയെയും ഭര്‍ത്താവിനെയും അവരുടെ ചെറിയ മകളെയും പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ചാന്ദ്നി കുമാരി, ഭര്‍ത്താവ് ചന്ദന്‍ കുമാര്‍, രണ്ടുവയസ്സുള്ള മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ചാന്ദ്നിയെ തന്നേക്കാള്‍ 15 വയസ്സ് കൂടുതലുള്ള ചന്ദനുമായി വിവാഹം കഴിച്ചതില്‍ കുടുംബം എതിര്‍പ്പിലായിരുന്നു. ചാന്ദ്നിയുടെ സഹോദരങ്ങളായ പപ്പുവും ധീരജും കടുത്ത എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചത്. നൗഗാച്ചിയ പ്രദേശത്തെ നവ്തോലിയ ഗ്രാമത്തില്‍ വെച്ച് ഇരുവരും യുവതിയെയും 38 കാരനായ ഭര്‍ത്താവിനെയും മകളെയും വെട്ടിവീഴ്ത്തുകയായിരുന്നു. പ്രതികള്‍ ഇരുമ്പ് വടികൊണ്ട് അടിക്കുന്നതിനിടെ ചന്ദന്‍ കാലില്‍പിടിച്ച് കരഞ്ഞെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികളായ പപ്പു സിംഗ്, ധീരജ് കുമാര്‍ സിംഗ് എന്നിവര്‍ ഒളിവിലാണെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തുനിന്നും ഉപയോഗിച്ച ഇരുമ്പ് വടി പോലീസ് കണ്ടെടുത്തു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോഗിച്ച വെടിയുണ്ടകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികളെ ഉടന്‍ പിടികൂടുമെന്നും പ്രതികള്‍ എവിടെയാണെന്ന് അറിയാന്‍ അവരുടെ കുടുംബാംഗങ്ങളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവരികയാണ്. കൊലപാതകത്തിന് ശേഷം പ്രതികളുടെ കുടുംബാംഗങ്ങളുടെ കോള്‍ റെക്കോര്‍ഡുകളും പോലീസ് പരിശോധിക്കുന്നുണ്ട്.