ഇസ്രയേൽ എംബസി സ്ഫോടനം ടൈമർ ഉപയോഗിച്ചെന്ന് നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി). അന്വേഷണ റിപ്പോർട്ട് എൻഎസ്ജി അഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ബാൾ ബയറിംഗ് , ലോഹ കഷണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സ്ഫോടക വസ്തുവാണ് ആക്രണണത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തൽ.
തീവ്രത കുറഞ്ഞ സ്ഫോടനമാണ് ലക്ഷ്യമിട്ടത്. നാടൻ ബോംബ് നിർമ്മിക്കുന്ന രീതിയിലാണ് സ്ഫോടക വസ്തുക്കൾ തയ്യാറാക്കിയത് . ടൈമർ ഉപയോഗിച്ചത് ആസൂത്രണം വ്യക്തമാക്കുന്നുവെന്നും എൻഎസ്ജി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണ്.
ഡിസംബർ 26 നാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി പൊലീസിന് ഫോൺ സന്ദേശം ലഭിക്കുന്നത്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലെ തങ്ങളുടെ പൗരന്മാർക്ക് ഇസ്രയേൽ ജാഗ്രതാ നിർദേശവും നൽകിയിരുന്നു. 2021 ലും എംബസിക്ക് സമീപം സ്ഫോടനമുണ്ടായിരുന്നു.