അമ്പലപ്പുഴ: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടു കൂടി നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന്. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ എരുമേലിയില്‍ പേട്ട തുള്ളും. ആദ്യം അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് നടക്കുക. പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പേട്ടതുള്ളലിനോട് അനുബന്ധിച്ച് പ്രദേശത്ത് രാവിലെ 7 മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചയോടെ വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയില്‍ വരവേല്ക്കും. ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം യാത്രയായതിനാല്‍ വാവരു പളളിയില്‍ കയറാതെയാകും ആലങ്ങാട്ട് സംഘം വലിയമ്പലത്തിലേയ്ക്ക് പേട്ടതുള്ളി നീങ്ങുക. കൊച്ചമ്പലത്തില്‍ നിന്ന് സമൂഹ പെരിയോന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പേട്ടതുള്ളി നീങ്ങുന്ന സംഘത്തിനൊപ്പം തിടമ്പേറ്റിയ ഗജവീരന്‍മാരും അണിനിരക്കും.