രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തിന് ഇന്ന് തമിഴ്നാട്ടില്‍ തുടക്കം കുറിക്കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജനുവരി 19 മുതല്‍ 31 വരെ നടക്കുന്ന മേളയില്‍ 26 കായിക ഇനങ്ങളിലായി 5,500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും.
പ്രധാനമന്ത്രി മോദിയുടെ വരവിനു മുന്നോടിയായി അഞ്ചുതല സുരക്ഷാ സന്നാഹത്തിലാണ് ചെന്നൈ നഗരം. ഡ്രോണുകള്‍ക്കായി ഒരു പറക്ക നിരോധിത മേഖല പ്രഖ്യാപിച്ചു. നഗരത്തിലുടനീളം സുരക്ഷ നിലനിര്‍ത്താന്‍ 22,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഉയര്‍ന്ന സുരക്ഷ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ കരാര്‍ ജീവനക്കാരെ ചെന്നൈ എയര്‍പോര്‍ട്ട് റണ്‍വേയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചിരിക്കുന്നു. സാധാരണ ജീവനക്കാര്‍ക്ക് മാത്രമേ വിമാനത്താവള പരിസരത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രവേശനം അനുവദിക്കൂ.
പ്രധാനമന്ത്രി മോദി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഹെലികോപ്റ്ററില്‍ ഐഎന്‍എസ് അഡയാറിലേക്ക് പോകും. അവിടെനിന്ന് തുറന്ന വാഹനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് എത്തും. പ്രധാനമന്ത്രിയുടെ പാതയുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് വാഹനഗതാഗതം വഴിതിരിച്ചുവിടുകയും പാതയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് പാത നിരീക്ഷിക്കുകയും ചെയ്യും.