കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അറിയിപ്പിന് ശേഷം ആമസോണ്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ശ്രീരാമമന്ദിര്‍ അയോധ്യ പ്രസാദ് എന്ന പേരില്‍ വില്‍ക്കുന്ന മധുരപലഹാരങ്ങള്‍ നീക്കം ചെയ്തു. ഉദ്ഘാടനം പോലും കഴിയാത്ത അയോധ്യയിലെ പ്രസാദം വിറ്റഴിച്ച ആമസോണിനെതിരെ കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് പലഹാരങ്ങള്‍ നീക്കം ചെയ്തത്. ‘രഘുപതി നെയ്യ് ലഡൂ,’ ‘ഖോയ ഖോബി ലഡൂ,’ ‘നെയ് ബുന്ദി ലഡൂ,’ ‘പശുവിന് പാല് പേഡ’ എന്നിവയാണ് ആമസോണ്‍ വിറ്റ ഉല്‍പ്പന്നങ്ങള്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് നല്കിയ പരാതിയിലാണ് സിസിപിഎ ആമസോണിന് നോട്ടീസ് നല്‍കിയത്. ആമസോണിന്റെ പ്ലാറ്റ്ഫോമില്‍ ‘ശ്രീറാം മന്ദിര്‍ അയോധ്യ പ്രസാദ്’ എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വഞ്ചനാപരമായ വ്യാപാര നടപടികളില്‍ ആമസോണ്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പരാതി.
നിരവധി ആളുകള്‍ മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഔദ്യോഗികമായി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ തെറ്റായ അവകാശവാദമുന്നയിച്ച് ഉല്‍പ്പനം വില്‍ക്കുകയാണെന്നായിരുന്നു പരാതി.