ന്യൂഡല്‍ഹി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോണ്‍ഗ്രസ്. പ്രതിഷേധം ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കും. ഭരണ പരാജയം മറച്ചുവെക്കുന്നതിനായാണ് ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
യാത്ര അസമില്‍ പ്രവേശിച്ചതുമുതല്‍ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളുടെ വാഹനവ്യൂഹങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും നേതാക്കന്മാര്‍ക്കും നേരെ നിരന്തരമായ ആക്രമണം നടത്തുകയാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും ഗൗരവമായി കാണേണ്ട വിഷയമാണ്, കാരണം ഇത് ബിജെപിയുടെ ഫാസിസവും ഗുണ്ടായിസവും തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.