ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനേയും ഇന്ന് ചോദ്യം ചെയ്യും. നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് മര്‍ദിച്ചത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
സംഭവം നടന്ന് ഒന്നര മാസമായിട്ടും പോലീസ് നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്റെ ന്യായം.