ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസീറാബാദില്‍ സ്ഥിതി ചെയ്യുന്ന ഡല്‍ഹി പൊലീസ് ട്രെയിനിങ് സ്‌കൂളില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ ഒരു യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന 450 വാഹനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 12.16 ന് വന്‍ തീപിടിത്തത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഡല്‍ഹി ഫയര്‍ സര്‍വീസസ് വകുപ്പില്‍ നിന്നുള്ള എട്ട് ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തെത്തി.
എന്നാല്‍, തീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കേണ്ടി വന്നു. പുലര്‍ച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്. പൊലീസ് ട്രെയിനിംഗ് സ്‌കൂളിന്റെ പഴയ വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോറേജ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്ന് വകുപ്പ് വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.