മലപ്പുറം: മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്റില്‍ പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് അസ്സം സ്വദേശി. ഇന്നലെ വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബസ് സ്റ്റാന്റിന് സമീപമിരുന്ന് പൂച്ചയുടെ പച്ചമാംസം ആര്‍ത്തിയോടെ കഴിക്കുന്ന രംഗമാണ് നാട്ടുകാര്‍ കണ്ടത്. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നുന്നതെന്നും രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നുമായിരുന്നു യുവാവിന്റെ മറുപടി. നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാതെ യുവാവ് പൂച്ചയെ തിന്നുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശക്കുന്ന കാര്യം പറഞ്ഞാല്‍ ആരെങ്കിലും വാങ്ങിതരില്ലേയെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചിട്ടും യുവാവ് മറുപടി ഒന്നും നല്‍കിയില്ല. യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. പോലീസ് നല്കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റ്യാടി ബസ് സ്റ്റാന്റിന് സമീപം ഇയാള്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവാവ് സമ്മതിക്കാതെ അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു.