തിരുവനന്തപുരം; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരളത്തില്‍ നിന്നും ക്ലീന്‍ ചിറ്റ്. പിണറായി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് ആണ് വെള്ളാപ്പള്ളിക്ക് ലഭിച്ചത്. കൊച്ചുമകളുടെ കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം നടന്ന ചായവിരുന്ന് കൃത്യസമയത്ത് തന്നെയാണ് നടത്തിയത്. എസ്എന്‍ഡിപി നേതൃത്വം ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ പരസ്യ നിലപാട് എടുക്കുമെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
അതേ സമയം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോള്‍ എസ് എന്‍ഡിപി യോഗം വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരും. കമ്പനികാര്യ വകുപ്പിന്റെ ‘ഡിന് നമ്പര്‍’. എസ്എന്‍ഡിപി യോഗത്തിന് കമ്പനിയുടെ സ്വഭാവമായതിനാല്‍ അതിന്റെ തലപ്പത്തുള്ളവര്‍ക്കും ഡിന് നമ്പര്‍ അനിവാര്യമാണ്. ഡിന് നമ്പര്‍ ഇല്ലാതെ മത്സരിക്കാനാകില്ല. എന്നാല്‍ വെള്ളാപ്പള്ളി ഒരു പടി മുന്നേ ഇതെല്ലാം കണ്ടെന്ന് പറയാം. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വെള്ളാപ്പള്ളിയുടെ തന്ത്രപരമായ കരുനീക്കങ്ങളാണ് ചായവിരുന്ന് എന്ന പേരില്‍ അരങ്ങേറിയത്.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തിയും വെള്ളാപ്പള്ളി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒട്ടനവധി തെളിവുകള്‍ നിരത്തിയ കേസില്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് വിജിലന്‍സ് വെള്ളാപ്പള്ളിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലന്‍സാണ് ഇപ്പോള്‍ തെളിവില്ലെന്ന് കോടതിയെ അറിയിച്ച് കൈകഴുകിയത്.
മൈക്രോ ഫിനാന്‍സ് നടത്തിപ്പ് കോര്‍ഡിനേറ്ററായിരുന്ന മഹേശന് അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ആത്മഹത്യകേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളില്‍ നിന്നും പണം തിരികെ അടച്ചു വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും മാറി. അതിനു ശേഷം സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സും പിന്നോട്ടുപോയി. കൂടാതെ അന്വേഷണം അവസാനിപ്പിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ പാരതിയുണ്ടെങ്കില് അറിയിക്കാന്‍ ആവശ്യപ്പെട്ട് വി. എസിന് തൃശൂര്‍ വിജിലന്‍സ് കോടതി നോട്ടീസ് നല്കി.
വി.എസ് അച്യുതാനന്ദന് നല്കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ വിജിലന്‍സ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയച്ചു. എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തിന് ചികില്‍സയിലാണ് വി.എസ്. ഇത്തരമൊരു സാഹചര്യത്തില്‍ നോട്ടീസിനോട് എങ്ങനെ വിഎസ് പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്. വിഎസിന്റെ അനാരോഗ്യാവസ്ഥ വെള്ളാപ്പള്ളിക്ക് മറ്റൊരു തരത്തില്‍ തുണയായിരിക്കുകയാണ്.
എസ്എന്‍ഡിപി യൂണിയന് ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം ക്രമക്കേട് നടന്നുവെന്നായിരുന്നു വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്താകെ 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.