ആലപ്പുഴ: അമ്പലപ്പുഴയിലെ സി.പി.എമ്മിനകത്ത് വർഷങ്ങളായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകൾ ഇപ്പോൾ പരസ്യചർച്ചയായി മാറുകയാണ്. ജാതി പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പരാതികൾ, മുൻമന്ത്രി ജി. സുധാകരനെ ചുറ്റിപ്പറ്റിയ നിയമപോരാട്ടം, മുൻ എം.എൽ.എ ഓഫീസ് സംബന്ധിച്ച ആരോപണങ്ങൾ, പഴയ വികസന പദ്ധതികളുടെ ഫയലുകൾ എന്നിവ വീണ്ടും ചർച്ചയാകുന്നതോടെ പാർട്ടി പ്രതിരോധത്തിലായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ശ്രീനാരായണ പ്രസ്ഥാനത്തിന് ശക്തമായ സ്വാധീനമുള്ള അമ്പലപ്പുഴയിൽ, ഈഴവ സമുദായത്തിന് പാർട്ടി നേതൃത്വത്തിലും ജനപ്രതിനിധിത്വത്തിലും മതിയായ പരിഗണന ലഭിച്ചില്ലെന്ന ആരോപണം ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും ഉയർത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് ഈഴവ സമുദായത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമാകുന്നതായാണ് സൂചന.
ഇതിനൊപ്പം, പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിലും ജനപ്രതിനിധിത്വത്തിലും മുസ്ലിം വിഭാഗങ്ങൾക്ക് ആനുപാതികതയെക്കാൾ കൂടുതൽ പ്രാതിനിധ്യം നൽകിയെന്ന ആക്ഷേപവും ചില പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ഈ ആരോപണങ്ങൾ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങളായി മാറുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.
ഇതിനിടെ, സി.പി.എം പ്രവർത്തകൻ വി.ജി. വിഷ്ണു മുൻമന്ത്രി ജി. സുധാകരന് വക്കീൽ നോട്ടീസ് അയച്ചതോടെ വിവാദം പുതിയ ഘട്ടത്തിലേക്ക് കടന്നു. ഇതിന് പിന്നാലെ ജി. സുധാകരനെ പിന്തുണയ്ക്കുന്ന വിഭാഗവും നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതായാണ് വിവരം.
മുൻ എം.എൽ.എ എച്ച്. സലാമിന്റെ ഓഫീസുമായി ബന്ധപ്പെട്ട ചില ഫോൺ സംഭാഷണങ്ങളും മറ്റ് രേഖകളും പുറത്തുവരുമെന്ന പ്രചാരണവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. പുറക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതുമായി ബന്ധപ്പെട്ടും വിവിധ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രചാരണങ്ങൾ രാഷ്ട്രീയ എതിരാളികളും പാർട്ടിക്കുള്ളിലെ വിഭാഗങ്ങളും നടത്തുന്നതായും പറയപ്പെടുന്നു.
അതേസമയം, വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമ്പലപ്പുഴയിൽ പ്രഖ്യാപിച്ച ഐ.ടി. പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും ചെലവുകളും വീണ്ടും ചർച്ചയാകുമെന്ന സൂചനകളുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾ സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, വിഷയത്തിൽ ബി.ജെ.പി.യും നിയമപരമായ നീക്കങ്ങൾ ആലോചിക്കുന്നതായാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.
ഇതിനിടെ, മുൻമന്ത്രി ജി. സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി നടത്തിയ പരസ്യ പരാമർശങ്ങളും പാർട്ടിക്കുള്ളിൽ പുതിയ അഭിപ്രായഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ട്. ദീർഘകാലം ജനപ്രതിനിധിയായിരുന്ന ജി. സുധാകരനെ പരസ്യമായി വിമർശിച്ച നടപടിയിൽ ഒരു വിഭാഗം സി.പി.എം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായും വിവരം.
പാർട്ടി പ്രവർത്തകരുടെ അനൗപചാരിക ചർച്ചകളിൽ, നിലവിലെ വിവാദങ്ങൾ വ്യക്തിപരമായ ഏറ്റുമുട്ടലുകൾക്കപ്പുറം സംഘടനയുടെ രാഷ്ട്രീയ സ്വാധീനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. സംസ്ഥാന നേതൃത്വവും വിഷയങ്ങൾ നിരീക്ഷിക്കുന്നതായും, അമ്പലപ്പുഴ ഏരിയ നേതൃത്വത്തിൽ മാറ്റമുണ്ടാകുമോയെന്ന ചർച്ചകളും ശക്തമായിട്ടുണ്ട്.
മുൻമന്ത്രി സജി ചെറിയാൻ ഈ വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. അതേസമയം, ആർ. നാസറിനെതിരെയും പാർട്ടിക്കുള്ളിൽ പുതിയ നീക്കങ്ങൾ നടക്കുന്നതായും വിവിധ നേതൃകൂട്ടുകെട്ടുകൾ പുനഃക്രമീകരിക്കാൻ ശ്രമങ്ങളുണ്ടെന്നുമുള്ള വിവരങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിവാദങ്ങൾ വ്യക്തിപരമായ തർക്കങ്ങളിൽ ഒതുങ്ങുമോ, അതോ അമ്പലപ്പുഴയിലെ സി.പി.എം സംഘടനാ സംവിധാനത്തെ ബാധിക്കുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അമ്പലപ്പുഴ സി.പി.എമ്മിൽ പുകയുന്നത് വെറും വിഭാഗീയതയല്ല; ജാതി പ്രാതിനിധ്യ തർക്കം മുതൽ നിയമപോരാട്ടം വരെ, പാർട്ടിയെ പ്രതിരോധത്തിലാക്കി വിവാദങ്ങളുടെ പരമ്പര
- Related News
- Latest News