തിരുവനന്തപുരം: കേരള പൊലീസിന്റെ ഉന്നത നേതൃത്വത്തിൽ നിർണായകമായ ഉദ്യോഗസ്ഥമാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിന്റെ ഈ മാസത്തെ വിരമിക്കലോടെ ഒഴിവാകുന്ന ഡിജിപി റാങ്ക് പദവിയിലേക്ക് നിലവിലെ ജയിൽ വകുപ്പ് മേധാവിയും 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ്. ശ്രീജിത്തിനെ പരിഗണിക്കുന്നതായാണ് സൂചന. സീനിയോറിറ്റി പ്രകാരം മുൻപരിഗണന ലഭിക്കേണ്ട എക്‌സൈസ് കമ്മിഷണർ എം.ആർ. അജിത് കുമാറിന്റെ പ്രമോഷൻ സാധ്യത വിവാദങ്ങളുടെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായതോടെയാണ് ശ്രീജിത്തിന്റെ പേര് ശക്തമായി ഉയർന്നുവരുന്നത്.
നിലവിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, റോഡ് സേഫ്റ്റി കമ്മിഷണർ യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം എന്നിവരാണ് കേരളത്തിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ. നിതിൻ അഗർവാളിന്റെ വിരമിക്കലോടെ ഒഴിവാകുന്ന നാലാമത്തെ ഡിജിപി റാങ്ക് പദവിയിലേക്കാണ് പുതിയ നിയമനം പ്രതീക്ഷിക്കുന്നത്.
സീനിയോറിറ്റി പട്ടിക പ്രകാരം 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിതിനാണ് മുൻഗണന. എന്നാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (SPG) കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരുന്നതിനാൽ കേരളത്തിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിന് പ്രൊഫോർമ പ്രമോഷൻ നൽകാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.
പുരോഹിതിന് പിന്നാലെ സീനിയോറിറ്റിയുള്ളത് എക്‌സൈസ് കമ്മിഷണർ എം.ആർ. അജിത് കുമാറിനാണ്. എന്നാൽ അടുത്തകാലത്തുണ്ടായ വിവാദങ്ങളും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അദ്ദേഹത്തിന്റെ പ്രമോഷൻ സാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇതോടെയാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ള എസ്. ശ്രീജിത്തിന്റെ പേര് ശക്തമായി ഉയർന്നുവരുന്നത്. വിവാദങ്ങളില്ലാത്ത സർവീസ് റെക്കോർഡ്, വിവിധ നിർണായക പദവികളിലെ പ്രവർത്തന മികവ്, ഭരണനേതൃത്വത്തിന്റെ വിശ്വാസം എന്നിവ അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
കോഴിക്കോട് സ്വദേശിയായ എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി, ട്രാൻസ്‌പോർട്ട് കമ്മിഷണർ, എറണാകുളം റേഞ്ച് ഐജി, ശബരിമല കോ-ഓർഡിനേറ്റർ, എഡിജിപി (സൈബർ ഓപ്പറേഷൻസ്) തുടങ്ങി നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ശ്രദ്ധേയമായ നിരവധി ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയ അദ്ദേഹം അന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.
മികച്ച ഗായകനും സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ എസ്. ശ്രീജിത്ത് സോഷ്യൽ മീഡിയയിലൂടെയും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലും ശ്രദ്ധേയനാണ്. ഡിജിപി റാങ്കിലേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച കേരള പൊലീസിന്റെ ഉന്നത നേതൃത്വത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
അജിത് കുമാറിനെ മറികടന്ന് എസ്. ശ്രീജിത്ത് ഡിജിപി റാങ്കിലേക്ക്?; നിതിൻ അഗർവാളിന്റെ വിരമിക്കലോടെ പോലീസിൽ നിർണായക നീക്കം
- Related News
- Latest News