Newsperseconds.com

രാമനാമം മുഴങ്ങി കർക്കടകം പിറന്നു; രാമായണ മാസാചരണത്തിന് ഭക്തിനിർഭര തുടക്കം

IMG 20260716 WA0233

തിരുവനന്തപുരം: “ശ്രീരാമ ജയരാമ ജയ ജയ രാമ” എന്ന താരകനാമം കേരളമാകെ മുഴങ്ങിക്കേൾക്കുന്ന കർക്കടക മാസത്തിന് ഇന്ന് തുടക്കമായി. ഇതോടെ രാമായണ മാസാചരണത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി. ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ആദ്ധ്യാത്മ രാമായണ പാരായണം ആരംഭിച്ചതോടെ കേരളം വീണ്ടും രാമനാമ സ്മരണയിൽ മുഖരിതമായി.
കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തിൽ കർക്കടക മാസത്തിന് വിശിഷ്ട സ്ഥാനമാണുള്ളത്. ജീവിതത്തിലെ ദുഃഖങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ ശ്രീരാമചരിതം ആത്മവിശ്വാസവും ധർമ്മബോധവും പകരുമെന്ന വിശ്വാസത്തിലാണ് ഈ മാസം മുഴുവൻ രാമായണ പാരായണം നടത്തുന്നത്. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് രാമായണം വായിക്കുന്നതും “രാമ… രാമ…” നാമജപം നടത്തുന്നതും തലമുറകളായി തുടരുന്ന വിശുദ്ധ ആചാരമാണ്.
സംസ്ഥാനത്തെ ശ്രീരാമക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും രാമായണ പാരായണവും ഭജനയും ആത്മീയ പ്രഭാഷണങ്ങളും ആരംഭിച്ചു. പുലർച്ചെ മുതൽ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രങ്ങൾ ഭക്തിനിർഭരമായി. അനേകം ഭവനങ്ങളിലും ദീപം തെളിയിച്ച് രാമായണ ഗ്രന്ഥം പൂജിച്ച് പാരായണത്തിന് തുടക്കമിട്ടു.
മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതം ധർമ്മത്തിന്റെയും സത്യത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും ശാശ്വത സന്ദേശമാണെന്ന് ആത്മീയ ആചാര്യന്മാർ ചൂണ്ടിക്കാട്ടുന്നു. ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഈ വിശുദ്ധ ദിനങ്ങളിൽ രാമനാമം ഓരോ ഹൃദയത്തിലും നിറയട്ടെയെന്ന പ്രാർഥനയോടെയാണ് വിശ്വാസികൾ രാമായണ മാസത്തെ വരവേൽക്കുന്നത്.
“രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ…
രഘുനാഥായ നാഥായ സീതായാഃ പതയേ നമഃ.”

Share this Article

Leave a Comment