രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ഭാരതരത്ന ഈ വര്‍ഷം മൂന്ന് പേര്‍ക്ക് കൂടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, കൃഷി ശാസ്ത്രജ്ഞന് എം എസ് സ്വാമിനാഥന് എന്നിവര്‍ക്കാണ് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കി ആദരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്കും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. അസാധാരണമായ രീതിയിലാണ് ഇത്തവണത്തെ പ്രഖ്യാപനം. ഇതോടെ ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്ന പുരസ്കാരം നല്‍കും.
നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവു ഗാരുവിന് ഭാരതരത്ന നല്കി ആദരിക്കുമെന്ന് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. ഒരു വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായി, നരസിംഹ റാവു ഗാരു ഇന്ത്യയെ വിവിധ തലങ്ങളില്‍ വിപുലമായി സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ്, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം ഒരുപോലെ സ്മരിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിനെ ഭാരതരത്ന നല്കി ആദരിക്കുന്നത് നമ്മുടെ സര്‍ക്കാരിന്റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നല്കിയ അനുപമമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി. കര്‍ഷകരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെയും അദ്ദേഹം ഉറച്ചുനിന്നു. നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും മുഴുവന്‍ രാജ്യത്തിനും പ്രചോദനമാണെന്നും മോദി എക്സില്‍ പറഞ്ഞു.
കൃഷിയിലും കര്‍ഷക ക്ഷേമത്തിലും നമ്മുടെ രാഷ്ട്രത്തിന് നല്കിയ മഹത്തായ സംഭാവനകളെ മാനിച്ച് ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്നം നല്കുന്നതില് അത്യധികം സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യയെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ഇന്ത്യന്‍ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.