കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉണ്ടായ വന്‍സ്ഫോടനത്തില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നും തുടരും. രണ്ട് പേരുടെ മരണത്തിന് കാരണമായ സംഭവത്തില്‍ തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അമ്പലകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്, ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രാത്രി എട്ടരയോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. സ്ഫോടകവസ്തുക്കള്‍ അനുമതിയില്ലാതെയാണ് സൂക്ഷിച്ചിരുന്നത്. സഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്സും സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു.