കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തിരുന്നു.
അതേ സമയം, അഭിലാഷ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഭിലാഷ് മൊഴി നല്‍കിയത്. കുറച്ചുകാലം വിദേശത്തായിരുന്ന ഇയാള്‍ വാങ്ങി സൂക്ഷിച്ച കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആഴത്തില്‍ മുറിവേറ്റതിനെ തുടന്നുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കുടുംബവുമൊത്താണ് സത്യനാഥന് ഉത്സവത്തിനെത്തിയത്. രണ്ട് വയസ്സുള്ള കൊച്ചുമകള്‍ സത്യനാഥന്റെ കയ്യിലായിരുന്നു. കുഞ്ഞിനെയെടുത്ത് പാട്ട് കേള്‍ക്കുകയായിരുന്നു. കുഞ്ഞിനെ മകന് തിരിച്ചു നല്കി നിമിഷനേരത്തിനുള്ളിലാണ് അഭിലാഷ് പിന്നിലൂടെ വന്ന് കുത്തിയത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തിന്റെ രണ്ട് ഭാഗത്തും വീശുകയും പുറത്തും നെഞ്ചിലുമെല്ലാം മുറിവേല്‍പ്പിക്കുകയുമായിരുന്നു. ഉടന്‍ തന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.