ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസ്സം റിപ്പോര്‍ട്ട് ചെയ്തു. ഈ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലോഗിന്‍ പ്രശ്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പെട്ടെന്ന് ലോഗ് ഔട്ട് ചെയ്യപ്പെടുകയായിരുന്നു. ഉപയോക്താക്കള്‍ പാസ്വേഡുകള് മാറ്റിയിട്ടും ലോഗിന്‍ ആവാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായി.
അതേ സമയം, ഫേസ്ബുക്ക് നിശ്ചലമായതോടെ കോടിക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നത്. മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉടനെ ശരിയാക്കുമെന്ന് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. മൊബൈല്‍ ആപ്പുകളിലും ബ്രൗസറുകളിലും ഒരേ പോലെ സേവനത്തില്‍ തടസ്സം നേരിട്ടു. അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതോടെ ഉപയോക്താക്കള്‍ അസ്വസ്ഥരായി. വീണ്ടും ലോഗിന്‍ ചെയ്യാനാണ് ഫേസ്ബുക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്വേര്ഡ് തെറ്റാണെന്ന് നോട്ടിഫിക്കേഷന്‍ വന്നതോടെയാണ് ഉപയോക്താക്കള്‍ക്ക് സംശയം തോന്നിയത്.