കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആലുവയില്‍ ആരംഭിക്കുന്ന റെയില്‍ ശൃംഖലയുടെ മെട്രോയുടെ പ്രാരംഭ ഘട്ടത്തിന്റെ അവസാന സ്റ്റേഷന്റെ പൂര്‍ത്തീകരണം ഇതോടെ അടയാളപ്പെടുത്തുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡന് എം പി, കെ ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയില്‍ നിന്ന് എസ്എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും തൃപ്പൂണിത്തുറ വരെയും ഈടാക്കുക. ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ സര്‍വ്വീസ് ആലുവയിലേക്ക് ഇന്ന് പുറപ്പെടും. അതിന് ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കുക.