തിരുവനന്തപുരം: ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മക്കും എട്ട് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. കല്ലിയൂര്‍ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകന്‍ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കരമന – കളിയിക്കാവിള പാതയില്‍ നേമം പോലീസ് സ്റ്റേഷനു മുന്നില്‍ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ അമ്മയുടേയും കുഞ്ഞിന്റേയും ശരീരത്തിലൂടെ ബസ്സിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.