കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ്. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടില്‍ മുഖ്യപ്രതി നിതീഷിനെ എത്തിച്ച് രാവിലെ തെളിവെടുപ്പ് നടത്തി. വീടിന്റെ തറ പൊളിച്ച് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു.
അതേ സമയം, വീടിനുള്ളില്‍ കയറിയാല്‍ ആള്‍താമസമുള്ളതായി തോന്നില്ലെന്ന് പോലീസ് പറഞ്ഞു. വീട് മുഴുവന്‍ അലങ്കോലമായി കിടക്കുകയാണ്. ഭയാനകപ്പെടുത്തുന്ന തരത്തിലുള്ള ഇരുട്ടുമുറിയാണ് വീടിനുള്ളില്‍. കൂടാതെ നിറയെ ചാക്കുകെട്ടുകളാണ്. പൂജ നടന്ന ലക്ഷണങ്ങളും മുറിയില്‍ കാണുന്നുണ്ട്. മുറിക്കകത്ത് കര്‍ട്ടന്‍ പോലെ പ്ലാസ്റ്റിക്കുകള്‍ കൊണ്ട് മറച്ചിരിക്കുന്നതായും കാണും. വീടിനുള്ളില്‍ ചെറിയ കുഴിയെടുത്ത് സിമന്റ് തേച്ചതായി കാണുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേ സമയം, നാട്ടുകാര്‍ക്ക് ആര്‍ക്കും ഇവരുമായി ഒരു ബന്ധവുമില്ല. പൊതുവേ ഈ വീട്ടിലെ ആരും മറ്റുള്ളവരോട് സംസാരിക്കുന്നതായി കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷ്ണുവിന്റെ സഹായത്തോടെയാണ് വിജയന്റെ മൃതദേഹം മുറിക്കുള്ളില്‍ മറവു ചെയ്തത്. കൊലപാതകത്തിലും തെളിവു നശിപ്പിക്കുന്നതിനും വിജയന്റെ ഭാര്യ സുമയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.