കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചു നടത്തിയ പരിശോധനയില്‍ മൃതദേഹം കുഴിയില്‍ ഇരുത്തിയതാണെന്നാണ് പോലീസ് നിഗമനം.
രാവിലെ ഒമ്പതരയോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പാന്റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തി. പ്രതി നിതീഷുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്.