കട്ടപ്പന: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം വ്യക്തമാക്കാതെ പ്രതികള്‍. നേരത്തെ കുറ്റം സമ്മതിച്ച പ്രതി നിധീഷ് ഇപ്പോള്‍ മൊഴിമാറ്റി പറഞ്ഞിരിക്കുകയാണ്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മറ്റ് പ്രതികളെയും പോലീസ് ചോദ്യം ചെയ്യും.
മോഷണക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മോഷണക്കേസില്‍ പിടിയിലായവരാണ് വിഷ്ണുവും നിധീഷും. വിഷ്ണുവിന്റെ പിതാവ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിധീഷ് പൊലീസിനോട് സമ്മതിച്ചു. കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചു നടത്തിയ പരിശോധനയില്‍ മൃതദേഹം കുഴിയില്‍ ഇരുത്തിയതാണെന്നാണ് പോലീസ് നിഗമനം. പാന്റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തി. പ്രതി നിതീഷുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്.