പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയായ ജയ്സണ്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സനെ അറസ്റ്റ് ചെയ്തിരുന്നില്ല. ജയ്സണെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ഡിസംബറിലാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയെ ജയ്സണ്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ല. പകരം പരാതിക്കാരിക്കെതിരെയാണ് കേസ് എടുത്തത്. പിന്നീട് കേസില്‍ ജനുവരി 9 നാണ് സിപിഎം ജെയ്സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്.