Newsperseconds.com

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും; കെ.സുരേന്ദ്രന്‍

Capture

പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു.

19ന് പാലക്കാട് നടക്കുന്ന റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീടാണ് പാലക്കാടേക്ക് മാറ്റിയത്. 19 ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ.

കൊച്ചിയില്‍ നടന്ന യുവം പരിപാടി, തൃശ്ശൂരില്‍ മഹിളാസംഗമം, ഗുരുവായൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹം, തിരുവനന്തപുരത്ത് എന്‍.ഡി.എ. പദയാത്രയുടെസമാപനം എന്നിങ്ങനെ പല ചടങ്ങുകളിലായി സമീപകാലത്ത് പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രിയെക്കൂടാതെ പ്രമുഖനേതാക്കളും എത്തുന്നുണ്ട്. മോദിയുടെ സന്ദര്‍ശനം തുടരുമ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്കും ആരവം കൂടുകയാണ്.

Share this Article

Leave a Comment