ആലപ്പുഴ: റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയ യുവാവ് ബിയര്‍ക്കുപ്പികൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ശശിധരന്‍ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലായിരുന്നു സംഭവം. മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ പുറത്തുപോയ ഇയാള്‍ മദ്യപിപിച്ചെത്തി ബിയര്‍ക്കുപ്പികൊണ്ട് ശശിധരന്‍ നായരുടെ തലയ്ക്കടിക്കുകയായിരുന്നു.