കൊച്ചി: വിശുദ്ധിയുടേയും സഹനത്തിന്റെയും സ്മരണകളുയര്‍ത്തി ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഓശാന ഞായര്‍. യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകളും നടക്കും.
ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ചയാണ് വിശ്വാസികള്‍ക്ക് ഓശാന ഞായര്‍ അഥവാ കുരുത്തോലപ്പെരുന്നാള്. അന്നേ ദിവസം ക്രിസ്തീയ വിശ്വാസികള്‍ കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങള്‍ വരവേറ്റ ബൈബിള്‍ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകള്‍ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.
സിറോ മലബാര്‍ സഭയുടെ തലവനും, മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍, മാനന്തവാടി നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലത്തീന്‍ സഭയില്‍, വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീട്രലില്‍ ചടങ്ങുകളില്‍ പങ്കെടുക്കും.