തൃശൂര്‍: അധിക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. തന്റെ ഏറ്റവും വലിയ സ്വപ്നവും മോഹവുമാണ് പൂവണിഞ്ഞത്. കൂത്തമ്പലത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ കിട്ടിയ ഈ അവസരം സന്തോഷമുണ്ടാക്കുന്നു. എന്നാല്‍ അത്തരമൊരു അവസരം ലഭിക്കാന്‍ ഒരു വിവാദം വേണ്ടി വന്നുവെന്ന പരിഭവവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.
കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയനാണ് കൂത്തമ്പലത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കിയത്. കലാമണ്ഡലം സത്യഭാമ ജൂനിയര്‍ നടത്തിയ അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയറിയിച്ച്, മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്. രാമകൃഷ്ണന്റെ മോഹിനിയാട്ടം കാണാന്‍ നിരവധി ആളുകളാണ് കലാമണ്ഡലത്തിലെത്തിയത്. വലിയ പിന്തുണയും സ്വീകരണവുമാണ് രാമകൃഷ്ണന് ലഭിച്ചത്.