ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ഇന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടത്തുന്ന റാലിയില്‍ ഇന്ത്യയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ‘ലോകതന്ത്ര ബച്ചാവോ’ (ജനാധിപത്യം സംരക്ഷിക്കുക) റാലി നടക്കുന്നത്. 20,000 പേരെ റാലിയില്‍ പങ്കെടുക്കാന്‍ ഭരണകൂടം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് 30,000 കവിയുമെന്നാണ് ഡല്‍ഹി പോലീസ് പ്രതീക്ഷിക്കുന്നത്. രാംലീല മൈതാനത്തിന്റെ മുഴുവന്‍ കപ്പാസിറ്റിയായ ഒരു ലക്ഷം വരെ ഒത്തുചേരാന്‍ കഴിയുമെന്ന് എഎപി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ലോക്തന്ത്ര ബച്ചാവോ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും റാലിയില്‍ പങ്കെടുത്തേക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി – ശരദ്ചന്ദ്ര പവാര്‍ അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ എന്നിവരും മെഗാ റാലിയില്‍ പങ്കെടുക്കും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തിനാകും ഡല്‍ഹി രാം ലീല മൈതാനം ഇന്ന് സാക്ഷ്യം വഹിക്കുക.