ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ നാല് മുതിര്‍ന്ന നേതാക്കളെ കൂടി അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇഡി അറസ്റ്റ് ചെയ്യുമെന്ന് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ആം ആദ്മി പാര്‍ട്ടിയെ കര്ക്കാന് ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചെന്നും അതിഷി ആരോപിച്ചു. തന്നെയും ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ്, എഎപി എംപി രാഘവ് ഛദ്ദ, പാര്‍ട്ടി എംഎല്‍എ ദുര്‍ഗേഷ് പഥക് എന്നിവരെയും അറസ്റ്റ് ചെയ്യാന്‍ ഭരണകക്ഷി പദ്ധതിയിടുന്നതായി അവര്‍ ആരോപിച്ചു.
അതേ സമയം, ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായും അതിഷി തുറന്നടിച്ചു. വളരെ അടുപ്പമുള്ള ഒരാള്‍ വഴിയാണ് ബിജെപി എന്നെ സമീപിച്ചത്. അവര്‍ എന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ഇത് എന്റെ രാഷ്ട്രീയ ജീവിതത്തെ രക്ഷിക്കുമെന്ന് പറഞ്ഞു. ഞാന്‍ മാറിയില്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു മാസത്തിനകം എന്നെ അറസ്റ്റ് ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലെ എല്ലാവരെയും തകര്‍ക്കാനാണ് ഭരണകക്ഷിയുടെ മനസ്സ് എന്ന് ബിജെപിക്ക് വേണ്ടി തന്നെ സമീപിച്ച വ്യക്തി പറഞ്ഞതായി അവര്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിലൂടെ എഎപി പിളരും എന്ന് ബിജെപി കരുതിയെന്നും അതിഷി പറഞ്ഞു. തന്റെ വീട്ടില്‍ വൈകാതെ ഇഡി റെയ്ഡ് ഉണ്ടാകും. ഭീഷണിയില്‍ ഭയപ്പെടില്ല. ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇഡി കോടതിയില്‍ ഉന്നയിക്കുന്നത് തങ്ങളെ ജയിലില്‍ ഇടാനാണ്. കെജ്രിവാള് ഒരിക്കലും രാജി വയ്ക്കില്ല. രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിന് ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.