അമ്പത് വര്‍ഷത്തിനിടയില്‍ വളരെ അപൂര്‍വ്വമായി നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഈ അത്ഭുത പ്രതിഭാസത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ, ഉള്‍പ്പെടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ദൃശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാണാന്‍ കഴിയില്ല. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്‍ക്കും. 4 മിനിറ്റ് 27 സെക്കന്റ് ആയിരിക്കും പൂര്‍ണ്ണഗ്രഹണത്തിന്റെ ദൈര്‍ഘ്യം.
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് രാത്രിയെന്നോണം ഭൂമിയില്‍ ഇരുട്ട് വീഴും. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും.