കോഴിക്കോട്: വേനല്‍ച്ചൂടിനെ വകവെയ്ക്കാതെ നാടും നഗരവും വിഷുത്തിരക്കില്‍. മണ്‍പാത്രം മുതല്‍ പ്ലാസ്റ്റിക്ക് കണിക്കൊന്ന വരെ ചുറ്റിലും ഒരുങ്ങിക്കഴിഞ്ഞു. വിഷു ആഘോഷമാക്കാന്‍ പടക്കകടകള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുകയാണ്. വന്‍ തിരക്കാണ് പടക്ക കടകളില്‍ അനുഭവപ്പെടുന്നത്. വലിയ ശബ്ദത്തില്‍ പൊട്ടുന്ന പടക്കങ്ങളെക്കാള്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇത്തവണത്തെ സീസണ് പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഇന്നലെ മുതല്‍ തന്നെ വിഷുക്കോടി വാങ്ങുന്നതിനും പടക്കങ്ങള്‍ വാങ്ങാനുമെല്ലാം വന്‍തിരക്കാണ്. വിഷുക്കണി ഒരുക്കുന്നതിനായി കണിക്കൊന്നയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. പലചരക്ക്, വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍, ജുവല്ലറികള്‍ തുടങ്ങി എല്ലാ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും വന്‍തിരക്കാണ്. വിഷുത്തിരക്കില്‍ നാടും നഗരവും ലയിച്ചുകഴിഞ്ഞു. വഴിയോരങ്ങളിലെങ്ങും വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന കണിവെള്ളരിയും കൊന്നപ്പൂക്കളും കളം നിറഞ്ഞാടുകയാണ്. കൃഷ്ണവിഗ്രഹങ്ങളും മയില്‍പ്പീലിയും കുഞ്ഞുപട്ടുപാവാടകളും കൈകളിലും തോളിലും വെച്ച് വില്‍ക്കുന്ന വ്യാപാരികളെയും നഗരത്തില്‍ കാണാം.
കനത്ത ചൂടിനെ വകവെയ്ക്കാതെയാണ് ആളുകള്‍ നഗരത്തിലേക്കിറങ്ങുന്നത്. പല ജില്ലകളിലും ചെറിയ തോതില്‍ മഴ പെയ്തതോടെ ജനങ്ങളും ആശ്വാസത്തിലാണ്. വിഷുക്കോടികളുടെ പുത്തന്‍ വിസ്മയം തന്നെയാണ് പല ഷോപ്പുകളിലും കാണാന്‍ സാധിക്കുന്നത്. വിഷുക്കോടികളാണ് തുണിക്കടകളുടെ ഡിസ്പ്ലേയില്‍ പലതും. പ്രത്യേകിച്ചും കുട്ടികള്‍ക്കുള്ള പുതിയ കളക്ഷന്‍സ് അമ്പരപ്പിക്കുന്നതാണ്. സെറ്റും മുണ്ടും സാരിയുമെല്ലാം കടകളില്‍ ലഭ്യമാണ്. തെരുവുകച്ചവടവും പൊടിപൊടിക്കുന്നു. സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്ന വിഷു മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നപോലെ കണ്ണിനു കുളിര്‍മ നല്കുന്ന നഗരത്തിലെ വിഷുത്തിരക്കും മലയാളി ആസ്വദിക്കുകയാണ്.
ഏവര്‍ക്കും ന്യൂസ് പെര് സെക്കന്റ്സിന്റെ വിഷു ആശംസകള്‍.