Newsperseconds.com

വിഷു തണുപ്പിക്കാന്‍ വേനല്‍ മഴയെത്തി; ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ; വേനല്‍മഴ കനക്കുമെന്ന് മുന്നറിയിപ്പ്

Capture

തിരുവനന്തപുരം: കനത്ത ചൂടിന് ചെറിയ തോതില്‍ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചു. വരും ദിവസങ്ങളിലും വേനല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിഷു ആഘോഷത്തിനിടയില്‍ ആശ്വാസം പോലെയാണ് മഴയെത്തിയത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടമഴയില്‍ ചെറിയ രീതിയില്‍ കേരളമൊന്ന് തണുത്തിരിക്കുകയാണ്.

ഇന്ന് തിരുവനന്തപുരം, കൊല്ലം ഉള്‍പ്പടെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഒപ്പം 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ, വടക്കന്‍ കേരളത്തിലെ ചൂടിന് ചെറുതെങ്കിലും ആശ്വാസമായി ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ഉണ്ട്. പാലക്കാടും തൃശ്ശൂരിലുമാണ് ചൂട് 39 ഡിഗ്രിയില്‍ തുടരുന്നത്. കണ്ണുരും, കോഴിക്കോടും, പത്തനംതിട്ടയിലും 37 ഡിഗ്രിക്ക് മുകളിലാണ് താപനില. എന്നാല്‍ രണ്ട് ദിവസത്തോടെ വേനല്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.

Share this Article

Leave a Comment