2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന വലിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കേരളം ഇന്ന് സാക്ഷ്യം വഹിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ വന്‍നിര തന്നെയാണ് സംസ്ഥാനത്തേക്ക് ഒഴുകിയെത്തുക. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പതിനെട്ടടവും പയറ്റി കളം നിറയുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
തൃശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് നരേന്ദ്രമോദിയുടെ പരിപാടികള്‍. വൈകീട്ട് വയനാടും കോഴിക്കോടും രാഹുല്‍ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രണ്ടു പേരും ഒരേദിവസം സംസ്ഥാനത്തെത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മൂര്‍ച്ചയേറും. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പങ്കെടുക്കും. അതിന് ശേഷം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലേക്ക് യാത്ര തിരിക്കും. ഇടതു ക്യാമ്പിനായി പ്രകാശ് കാരാട്ടും ഡി രാജയും ഇന്ന് തിരുവനന്തപുരത്തുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തേക്കുള്ള മോദിയുടെ ആറാമത്തെ സന്ദര്‍ശനമാണിത്. മാര്‍ച്ച് 19 ന് പാലക്കാട് ജില്ലയില്‍ വന്‍ റോഡ് ഷോ നടത്തിയപ്പോഴാണ് അദ്ദേഹം അവസാനമായി കേരളത്തിലെത്തിയത്. പ്രധാനമന്ത്രിയെ കൂടാതെ, അമിത് ഷായും യോഗി ആദിത്യനാഥും ജെ പി നദ്ദയും, പ്രിയങ്ക ഗാന്ധിയും ഡി കെ ശിവകുമാറും രേവന്ത് റെഡ്ഡിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമെല്ലാം കേരളത്തിലെത്തും. ദേശീയ നേതാക്കളുടെ വരവ് പ്രചരണപാരിപാടികളെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.