കണ്ണൂര്‍: സിഎഎ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സിഎഎ പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സംഘപരിവാര്‍ മനസ്സാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളതെന്നും മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുകയാണെന്നും പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ വാക്ക്‌പോരുകള്‍ നടത്തുകയാണ് മുന്നണികള്‍. രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി നേരത്തെയും രംഗത്തെത്തിയിരുന്നു.