കൊച്ചി: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിജി അരുണ്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സല്‍, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയില്‍ നല്‍കിയതെന്നാണ് പറയുന്നത്. ചട്ടവിരുദ്ധമായാണ് പത്രിക സമര്‍പ്പിച്ചതെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം.
സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചാണ് രാജീവ് ചന്ദ്രശേഖര്‍ പത്രിക നല്‍കിയതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിക്കുകയാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. സൂക്ഷ്മ പരിശോധനയുടെ ഘട്ടത്തിലും ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും പറയുന്നുണ്ട്.