തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളുടെ കലാശക്കൊട്ടിന് ഇന്നലെ കര്ട്ടന് വീണതോടെ ഇന്ന് നിശബ്ദ പ്രചരണം. വിധിയെഴുതാന്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ്. എന്നാല്‍ ആശങ്കയും കുറവല്ല. വോട്ടുറപ്പിക്കുന്നതിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. സംസ്ഥാനത്ത് ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
പതിനെട്ടാം ലോക്സഭയിലേക്ക് നടക്കുന്ന തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒരുമാസത്തിലേറെ നീണ്ട വാശിയേറിയ പ്രചാരണത്തില്‍ അതിരു വിട്ട ആവേശവും അതിലുപരി വാശിയുമായിരുന്നു. കലാശക്കൊട്ടിന്റെ അവസാന മണിക്കൂറുകള്‍ പലയിടത്തും സംഘര്‍ഷഭരിതമായി. പലര്‍ക്കും പരിക്കേറ്റു. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണെങ്കിലും സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പ്രവചനാതീതമാണ് സാഹചര്യം. കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.
അതേ സമയം ഒരു സീറ്റെന്ന പ്രതിച്ഛായയില്‍ നിന്ന് കൂടുതല്‍ മണ്ഡലങ്ങള്‍ ലക്ഷ്യമാക്കുകയാണ് ഇടത്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ഒപ്പത്തിനൊപ്പം ബിജെപിയുമുണ്ട്. ദേശീയ നേതാക്കളടക്കം കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നാണ് ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ചത്. നാളെ കേരളം ബൂത്തിലേക്ക് എത്തുന്നതോടെ എല്ലാത്തിനും പരിസമാപ്തി കുറിക്കും. പിന്നീടുള്ള കാത്തിരിപ്പ് ജൂണ്‍4 എന്ന ആ ദിവസത്തിന് വേണ്ടിയാണ്.