തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇപി ജയരാജന്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇപി വൈകാരികമായി സംസാരിച്ചത്. വിവാദം ആളിക്കത്തുകയാണ്. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായിട്ടുള്ള കാര്യങ്ങളാണ്. താന്‍ നല്കിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ടെന്നും ഇപി പറഞ്ഞു.
താന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. മാധ്യമങ്ങളാണ് എല്ലാം വളച്ചൊടിക്കുന്നത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തില്‍ മാധ്യമങ്ങള്‍ മാറരുത്. മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു.
ഇടതുമുന്നണിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാന്‍ അനുവാദം തേടിയ ഇപി, ജാവ്ദേക്കറെ കണ്ടതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും വിമര്‍ശിച്ചു.