തൃശൂര്‍: തൃശൂരില്‍ ചില്ലറയെ ചൊല്ലി കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന് മരിച്ച സംഭവത്തില്‍ കണ്ടക്ടര്‍ രതീഷിനെതിരെ കൊലപാതകമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ആണ് മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ഗുരുതരമായി പരിക്കേറ്റ പവിത്രന് ചികിത്സയിലായിരുന്നു.
ഹൃദ്രോഗിയായ പവിത്രനെ ക്രൂരമായി കണ്ടക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. കരുവന്നൂര്‍ രാജാ സ്റ്റോപ്പില്‍ നിന്നാണ് പവിത്രന് ബസില്‍ കയറിയത്. തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പില്‍ ആയിരുന്നു ഇറങ്ങേണ്ടത്. 10 രൂപ നല്കിയപ്പോള് ടിക്കറ്റിന് 13 രൂപയാണെന്ന് കണ്ടക്ടര്‍ പറഞ്ഞു. അതോടെ കയ്യിലുണ്ടായിരുന്ന 500 രൂപ കണ്ടക്ടര്‍ക്ക് നല്കി. ബാക്കി നല്കിയ പൈസയില്‍ കുറവുണ്ടായതോടെ പവിത്രന് കണ്ടക്ടറോട് ചോദിച്ചു. ഇതോടെ വാക്കേറ്റമുണ്ടായി. ബസ് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ തൊട്ടപ്പുറത്തുള്ള സ്റ്റോപ്പില്‍ നിര്‍ത്തി പവിത്രനെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു.
റോഡിലേക്ക് തല ഇടിച്ചു വീണ പവിത്രനെ കണ്ടക്ടര്‍ വീണ്ടും മര്‍ദ്ദിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. പിന്നീട് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് കണ്ടക്ടറെ പിടിച്ചുമാറ്റിയത്. വയോധികനെ ആശുപത്രിയില്‍ കൊണ്ട് പോകാനും കണ്ടക്ടര്‍ കൂട്ടാക്കിയില്ല. രണ്ടാമത് തല പിടിച്ച് മര്‍ദ്ദിച്ചപ്പോഴാണ് വയോധികന്റെ ബോധം പോയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഒന്നും പറ്റിയിട്ടില്ലല്ലോ എന്ന് പറഞ്ഞ് വീണ്ടും താഴേക്ക് ഇടുകയായിരുന്നു. ഇതോട് കൂടിയാണ് വയോധികന്റെ ബോധം പോയത്. നാട്ടുകാരാണ് കണ്ടക്ടറെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെയാണ് പവിത്രന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പിന്നാലെ കണ്ടക്ടര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.