ഗ്വാളിയര്‍: സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കുന്നതിനായി 24 കാരനായ ദത്തുപുത്രന്‍ അമ്മയെ കൊലപ്പെടുത്തി വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടു. അമ്മ ഉഷയെ (65) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദീപക് പച്ചൗരിയെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയെ വീട്ടില്‍ നിന്ന് കാണാതായെന്ന് കാണിച്ച് ദീപക് ഈ ആഴ്ച ആദ്യം ഷിയോപൂര്‍ ടൗണിലെ കോട്വാലി പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ദീപക്കിനെയും ബന്ധുക്കളെയും അയല്‍ക്കാരെയും പോലീസ് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മൊഴികള്‍ പറയാന്‍ തുടങ്ങിയതോടെ പോലീസിന് സംശയം തോന്നി. അന്വേഷണത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായും പണം ആവശ്യമാണെന്നും പോലീസ് കണ്ടെത്തി.
കൊലപ്പെടുത്തിയതിന് ശേഷം വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ ഒരു മുറിയിലെ കുളിമുറിയുടെ തറ പൊളിച്ചുപണിതതായി ശ്രദ്ധയില്‍പ്പെട്ടു. കുഴിച്ചു നോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ദീപക്കിനെ കസ്റ്റഡിയിലെടുത്തു. പ്രതി തന്നെയാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.