ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. പൗരത്വ ഭേദഗതി നിയമം 2019 പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചിലര്‍ക്ക് അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ജൂണ്‍ ഒന്നിന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ രണ്ടാം ഘട്ടം വിതരണം ചെയ്തത്. പശ്ചിമ ബംഗാളിലെ നിരവധി മണ്ഡലങ്ങളില്‍ ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. 2019ല്‍ സിഎഎ നിലവില്‍ വന്നിരുന്നുവെങ്കിലും അതിനു കീഴിലുള്ള പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കാലതാമസത്തിന് ശേഷം ഈ വര്‍ഷം മാര്‍ച്ച് 11 ന് പുറപ്പെടുവിച്ചു. ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു.
മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക. ഇതില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പൗരത്വം നല്‍കുമെന്ന് ബംഗാള്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ അറിയിച്ചു.