റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചതിന് പിന്നാലെ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിനിമലോകത്തെ താരങ്ങള്‍. ‘ഓള് ഐസ് ഓണ്‍ റഫ’ എന്ന തലവാചകത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പലസ്തീന് സപ്പോര്‍ട്ട് ക്യാമ്പയിനിലാണ് നിരവധി താരങ്ങള്‍ പങ്കുചേര്‍ന്നത്. പ്രിയങ്ക ചോപ്ര ജോനാസ്, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്, മാധുരി ദീക്ഷിത് നേനെ, വരുണ്‍ ധവാന്, സോനം കപൂര്‍, സാമന്ത റൂത്ത് പ്രഭു, കൊങ്കണ സെന്‍ ശര്‍മ്മ, സ്വര ഭാസ്കര്‍, റിച്ച തുടങ്ങി നിരവധി പ്രമുഖ നടീനടന്മാരാണ് പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്. ബോളിവുഡ് താരങ്ങള്‍ കൂടി ക്യാമ്പയിന് ഏറ്റുപിടിച്ചതോടെ ഇസ്രായേലിന്റെ റഫ ആക്രമണം കൂടുതല്‍ ചര്‍ച്ചയായി.
മലയാളത്തില്‍ നിന്ന് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്മാന്, ഭാവന, ബേസില്‍ ജോസഫ്, കീര്‍ത്തി സുരേഷ്, പാര്‍വതി, നിഖില വിമല്‍, ഷെയിന്‍ നിഗം, കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, സുപ്രിയ മേനോന്, റിമ കല്ലിങ്കല്‍, നൈല ഉഷ, അന്ന ബെന്‍, തന്വി റാം, രമ്യ നമ്പീശന്, ഷറഫുദ്ദീന്, അശ്വതി ശ്രീകാന്ത് തുടങ്ങിയവരെല്ലാം പലസ്തീന് അനുകൂല ക്യാമ്പയ്നിന്റെ ഭാഗമായി. തെന്നിന്ത്യയില്‍നിന്ന് തൃഷ, സമാന്ത, രഷ്മിക മന്ഥാന ഉള്‍പ്പെടെയുള്ളവരും ശബ്ദമുയര്‍ത്തി. ഇതാദ്യമായാണ് ഇന്ത്യയിലെ സിനിമാ ലോകം പലസ്തീന് വിഷയത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നത്.