തിരുവനന്തപുരം: എന്‍. വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ. കെ.എം. ജോര്‍ജ്ജ് സ്മാരക ഗവേഷണപുരസ്കാരം (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരന് സ്മാരക വിവര്‍ത്തന പുരസ്കാരം എന്നിവയ്ക്കായി കൃതികള്‍ സമര്‍പ്പിക്കാനുളള തീയതി ജൂണ്‍ 15 വരെ നീട്ടിയതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന് അറിയിച്ചു. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി മലയാളഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുക.
ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. കഥ, കവിത, നോവല്‍ ആത്മകഥ, ജീവചരിത്രം എന്നിവ പരിഗണിക്കില്ല. ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്, സാഹിത്യ സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ക്ക് പുരസ്കാര പരിഗണനയ്ക്കുള്ള കൃതികള്‍/ഗവേഷണപ്രബന്ധങ്ങള്‍ അയക്കാവുന്നതാണ്. സമര്‍പ്പിക്കപ്പെട്ട കൃതികള്‍/ഗവേഷണപ്രബന്ധങ്ങള്‍ എന്നിവ തിരികെ നല്‍കുന്നതല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ധര്‍ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാരം നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, പബ്ലിക്കേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ ഇന്‍ചാര്‍ജ് സുജ ചന്ദ്ര, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. പി. മനു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എന്‍. വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനികപുരസ്കാരം- ശാസ്ത്ര- സാങ്കേതിക വിഷയങ്ങള്‍, ഭാഷാസാഹിത്യപഠനങ്ങള്, സാമൂഹികശാസ്ത്രം, കല/സാംസ്കാരികപഠനങ്ങള്‍ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം.
എം. പി. കുമാരന് സ്മാരക വിവര്‍ത്തനപുരസ്കാരം-ആംഗലേയ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വൈജ്ഞാനികഗ്രന്ഥങ്ങള്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. പുരസ്കാരത്തിനുളള സമര്‍പ്പണങ്ങള്‍ 2024 ജൂണ്‍ 15 നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിച്ചിരിക്കണം. കവറിന് പുറത്ത് ഏതു പുരസ്കാരത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തി കവറിംഗ് ലെറ്റര്‍ ഉളളടക്കം ചെയ്യണം. ഫോണ്‍ : 9447553740, 95444 00227, 94460 91623., 9447 95 6162.