Newsperseconds.com

അഗ്‌നിവീര്‍ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തി ജെഡിയു; എന്‍ഡിഎയ്ക്കു മുന്നില്‍ ആവശ്യങ്ങള്‍ അറിയിച്ച് നിതീഷ്

Capture

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അഗ്‌നിവീര്‍ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും, ജാതി സെന്‍സസ് നടപ്പാക്കണമെന്നും ജെഡിയു എന്‍ഡിഎ നേതൃത്വത്തിന് മുന്നില്‍ ആവശ്യമുന്നയിച്ചു. ഒരു രാജ്യം ഒറ്റ വൈദ്യുത നിരക്ക് എന്ന ആവശ്യവും ജെഡിയു മുന്നോട്ടു വെച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ മൂന്നാം മോദി സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎ സഖ്യത്തിന് ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണ അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്നണി യോഗത്തില്‍ നിതീഷ് കുമാര്‍ ബിജെപിക്ക് മുന്നില്‍ ഉപാദിവച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മൂന്ന് കാബിനറ്റ് മന്ത്രിമാരെ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്

അഗ്‌നിവീര്‍ പദ്ധതിയില്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ അസ്വസ്ഥരാണ്. പൊതുജനങ്ങള്‍ ചോദ്യം ചെയ്ത ആ പോരായ്മകള്‍ വിശദമായി ചര്‍ച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ജെഡിയു ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍കോഡ് സങ്കീര്‍ണമായ പദ്ധതിയാണ്. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇതു നടപ്പാക്കാവൂ എന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്. ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തി. അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പഴയ രീതിയിലുള്ള റിക്രൂട്ട്മെന്റ് നടത്തണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അഗ്‌നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ എന്തെങ്കിലും വരുത്തേണ്ടതുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതു പരിശോധിക്കുമെന്ന് കരസേന മുന്‍ മേധാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി കെ സിങ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു.

Share this Article

Leave a Comment