ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. കേന്ദ്ര പ്രഖ്യാപനം ഉണ്ടായാല്‍ സ്ഥാപനം സാക്ഷാത്കരിക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കിനാലൂരില്‍ കാമ്പസ് ഒരുക്കുന്നതിനുള്ള നടപടികളടക്കം സ്വീകരിച്ചു. എന്നാല്‍ ഇതുവരേയും അത് നടന്നിട്ടില്ലെന്നും എയിംസ് കേരളത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ എയിംസ് അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലാണെന്ന് കേന്ദ്രം പറയുന്നുണ്ട്. രോഗങ്ങളും പകര്‍ച്ചാവ്യാധികളും പടരുന്ന അടിസ്ഥാനത്തിലും ജില്ലയിലെ ആരോഗ്യമേഖലയിലെ വികസനത്തിനുള്ള ചുവടുവെപ്പ് എന്നോണം കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് എയിംസ് സ്ഥാപിക്കേണ്ടതെന്ന പരിഗണനയും ഡോ.രാജീവ്‌മേനോന്‍ അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്. അഞ്ചോളം എയിംസ് പല സംസ്ഥാനങ്ങളിലായി ഇപ്പോള്‍ നിര്‍മ്മാണത്തിലാണ് അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇന്ത്യയിലെ ചില എയിംസ് കോളേജുകള്‍ ക്ലാസുകള്‍ നല്‍കാന്‍ തുടങ്ങിയെങ്കിലും നിര്‍മ്മാണത്തിലാണ്. ഓരോ ഘട്ടത്തിലും കേരളം ഉയര്‍ന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. എന്നാല്‍ കൈയ്യെത്താ ദുരത്ത് പ്രഖ്യാപനം അകന്നു പോവുകയാണ് ഉണ്ടാവുന്നത്. 2024 ല്‍ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എയിംസിനായുള്ള ചര്‍ച്ചകള്‍ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ വര്‍ഷം തന്നെ ഇതിനായുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
എയിംസ് വന്നാല്‍ കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് അത് പുത്തന്‍ ഉണര്‍വായിരിക്കും നല്‍കുന്നത്. അത്യാധുനിക ചികിത്സകളെല്ലാം സൗജന്യമായി ലഭ്യമാകും. കൂടാതെ വിദഗ്ധ ഡോക്ടര്‍മാര്‍ കേരളത്തിലേക്കെത്തും. പ്രാഗത്ഭ്യമുള്ള ഒരു വന്‍സംഘം ഡോക്ടര്‍മാര്‍ ഇവിടെയുണ്ടാവും. മികച്ച ചികിത്സ നല്‍കുന്ന ആശുപത്രികളേറെയുണ്ടെങ്കിലും ഗവേഷണ സ്ഥാപനങ്ങളില്ലാത്തത് നമ്മുടെ ആരോഗ്യമേഖലയുടെ പരിമിതിയാണ്. എയിംസ് വന്നാല്‍ ഗുണമേന്മയുള്ള വിദഗ്ദ്ധചികിത്സയും ഗവേഷണവും വിദഗ്ദ്ധഡോക്ടര്‍മാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും കേരളത്തിനും ലഭിക്കും. ആരോഗ്യ മേഖലയില്‍ കുതിക്കാന്‍ കേരളത്തിന് എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണെന്നും കേരളത്തിന് എയിംസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.