കൊച്ചി: കേന്ദ്ര സഹമന്ത്രി സ്ഥാനത്തില്‍ താന്‍ തൃപ്തനല്ല എന്ന വാര്‍ത്ത തള്ളി സുരേഷ്‌ഗോപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഭാഗമാകുന്നതില്‍ അഭിമാനമാണെന്നും മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു. താന്‍ രാജി വെച്ചേക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നില്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞത് മുതല്‍ സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്‌ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന് സൂചനയുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് അദ്ദേഹമിപ്പോള്‍ രംഗത്തെത്തിയത്.