തിരുവനന്തപുരം: ഷവര്‍മ്മ മെഷീനില്‍ മുടി കുരുങ്ങിയ വിദ്യാര്‍ത്ഥിനിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പാളയം നൂര്‍മഹല്‍ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. മഴ പെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിലമേല്‍ എന്‍ എസ് എസ് കോളജിലെ വിദ്യാര്‍ഥിനി അധീഷ്യയുടെ മുടയാണ് ഹോട്ടലിന് മുന്നിലെ ഷവര്‍മ യന്ത്രത്തില്‍ കുടുങ്ങിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സര്‍വകലാശാല ഓഫീസിലെത്തിയതാണ് പെണ്‍കുട്ടി. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ കടയുടെ മുന്നിലേക്ക് ഓടിക്കയറി. കാല്‍വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിച്ചു. പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകിപ്പിടിച്ചു. ഉടന്‍ മെഷീന്‍ ഓഫാക്കിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. മുടി കമ്പിയില്‍ ചുറ്റിയതോടെ ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. മുടി ഉരുകി കമ്പിയില്‍ പറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് മുടി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.